വത്തിക്കാന്‍സിറ്റി: കത്തോലിക്കാ പത്രപ്രവര്‍ത്തകര്‍ സത്യത്തിന് സാക്ഷ്യം വഹിക്കേണ്ടവരും പ്രത്യാശയുടെ സംവാഹകരുമായിമാറണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.
ആശയക്കുഴപ്പവും സന്ദേഹവും നല്കുന്ന സന്ദേശങ്ങളുടെ ഇടയില്‍ അവര്‍ ആത്മവിശ്വാസവും പ്രകടിപ്പിക്കണം. ബെല്‍ജിയന്‍ കത്തോലിക്കാ മാഗസിന്‍ ടെര്‍ടിയോയുടെ മുപ്പതോളം പ്രതിനിധികളുടെ മീറ്റിംങില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. എല്ലാ തരത്തിലുമുള്ള മിഥ്യാധാരണകളില്‍ നിന്നും തെറ്റായ വാര്‍ത്തകളില്‍ നിന്നും ക്രൈസ്തവപത്രപ്രവര്‍ത്തകര്‍ അകന്നുനില്ക്കണം. ഗോസിപ്പുകളെയും തെറ്റായ വാര്‍ത്തകളെയും തള്ളിക്കളയണം. സഭയുടെ ഐക്യം തകര്‍ക്കുന്നവയാണ് ഗോസിപ്പുകള്‍. സാത്താനാണ് ഏറ്റവും വലിയ അപവാദപ്രചാരകന്‍. അവന്‍ മറ്റുള്ളവരുടെ കുറ്റങ്ങളെക്കുറിച്ച് നമ്മോട് സംസാരിക്കുന്നു. കാരണം അവന്‍ നുണയനാണ്. ഒരു സമൂഹമായി നില്ക്കുന്ന സഭയെ അവന്‍ അപവാദം പറഞ്ഞ് തകര്‍ക്കുന്നു. നല്ലൊരു നാളേയ്ക്കുവേണ്ടി പ്രത്യാശ വിതയ്‌ക്കേണ്ടവരാണ് ക്രൈസ്തവ പത്രപ്രവര്‍ത്തകര്‍. നിങ്ങളുടേത് മഹത്തായ ദൗത്യമാണ്. പാപ്പ പത്രപ്രവര്‍ത്തകരോട് പറഞ്ഞു.
2000 ാം ആണ്ടില്‍ ആരംഭിച്ച കത്തോലിക്കാ പ്രസിദ്ധീകരണമാണ് ടെര്‍ടിയോ. മഹാജൂബിലി വര്‍ഷത്തിന് മുന്നോടിയായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച അപ്പസ്‌തോലിക പ്രബോധനത്തില്‍ നിന്നാണ് മാസികയുടെ പേരു സ്വീകരിച്ചിരിക്കുന്നത്. കത്തോലിക്കാവീക്ഷണത്തില്‍ ആനുകാലികസംഭവങ്ങള്‍ക്കു പരിപ്രേക്ഷ്യം നല്കുന്ന പ്രസിദ്ധീകരണമാണ് ടെര്‍ടിയോ.