തോമസ്

ബൈക്കില്‍ കുന്നിറങ്ങുമ്പോള്‍ കൈകള്‍ രണ്ടും ഹാന്റിലില്‍ നിന്ന് വിടുക അവന്റെ വിനോദമായിരുന്നു. പിന്നെ ഉറക്കെ കൂവലും. എതിരെ വരുന്ന വണ്ടികള്‍… പിന്നിലിരിക്കുന്ന എനിക്ക് പേടി ഇളകും.

”എടാ, നീ വെറുതെ കളിക്കല്ലേ..” എന്ന് ഞാന്‍. അത്തരമൊരു ദിവസം അവന്‍ എന്നോടു ചോദിച്ചു”നീയെന്തിനാടാ പേടിക്കുന്നെ? ഞാനില്ലേ കൂടെ?”പിന്നെയൊരിക്കലും ഞാന്‍ അതേക്കുറിച്ച് അവനോട് പേടിച്ചിട്ടില്ല. അതൊരു ഉറപ്പോ വിശ്വാസമോ പോലെ എന്റെ ഹൃദയത്തില്‍ വേരുറപ്പിച്ചിരുന്നു.

ഇപ്പോള്‍ തോമാശ്ലീഹായെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ അറിയാതെ ഞാനവനെ പിന്നെയും ഓര്‍മ്മിച്ചുപോകുന്നു. സ്‌നേഹം സംശയിക്കുന്നത് അതിന് ജീവിതത്തെ മുഴുവന്‍ മുമ്പോട്ടു കൊണ്ടുപോകാനുള്ള ഒരു ബലവത്തായ ഉറപ്പിനു വേണ്ടിയാണ്… സ്‌നേഹത്തിന്റെ സുരക്ഷിതത്വത്തില്‍ എന്നെയും പങ്കുച്ചേര്‍ക്കുമോ എന്ന് ആശങ്കപ്പെടുന്നതുകൊണ്ടാണ്.. സ്‌നേഹിക്കപ്പെടാനുള്ള ആഗ്രഹത്തിനുവേണ്ടിയാണ്..

വിശ്വാസം ഏതു കാലത്തും വിലമതിക്കേണ്ട ഒരു അവസ്ഥ തന്നെ. വിശ്വാസി അതിനു വിലയും കൊടുക്കണം. അവിശ്വാസിയാകട്ടെ ഏതൊരുവനിലുമുള്ള സാധ്യതയുടെ പേരാണ്. എത്രയോ നൂറ്റാണ്ടുകളായി നാം തോമാശ്ലീഹായുടെമേല്‍ അവരോധിച്ചിരിക്കുന്ന ഒരു കുറവാണ് അദ്ദേഹം അവിശ്വാസിയായിരുന്നു എന്നത്.പക്ഷേ അത് അത്രമേല്‍ വലിയ കുറ്റമോ കുറവോ ആണോ? യുക്തിയുമായി ബന്ധപ്പെട്ടാണ് വിശ്വാസത്തെ നിര്‍വചിക്കേണ്ടതെന്ന് തോന്നുന്നു.

ശരിയാണ്, ഇരുളിലേക്കുള്ള എടുത്തുചാട്ടവും നേരില്‍ കാണാന്‍ കഴിയാത്തതിനെയും ഉണ്മയായി സ്വീകരിക്കലുമാണ് വിശ്വാസം എന്നൊക്കെ നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. വിശ്വാസത്തിന്റെ പേരില്‍ മാത്രമുള്ള ചില എടുത്തുചാട്ടങ്ങള്‍ക്കു നമ്മുടെ കാലം സാക്ഷിയുമാണല്ലോ?അങ്ങനെയുള്ള വിശ്വാസങ്ങള്‍ പോലും ചില നേരങ്ങളില്‍ ഒരു പ്രതിസന്ധിയുടെ അതിരുകളില്‍ ദുര്‍ബലപ്പെട്ടുപോയേക്കാ നുള്ള സാധ്യതകളുണ്ട്. അത് പിന്തിരിഞ്ഞുപോവുകയും ചെയ്‌തേക്കാം. എന്നിട്ടും കാര്യകാരണസഹിതം, തര്‍ക്കങ്ങള്‍ക്കോ സംശയങ്ങ ള്‍ക്കോ ഇടനല്കാതെ ഒരു സത്യത്തെ നാം ഉള്ളിലേക്കെടുക്കുമ്പോള്‍, അതിനെ ആത്മനാ സ്വീകരിക്കുമ്പോള്‍ വിശ്വാസത്തിന്റെ പൂര്‍ത്തീകരണമായി അതു മാറുന്നു. വിശ്വാസത്തിന്റെ ആന്ധ്യത്തിനപ്പുറം യുക്തിപൂര്‍വ്വമായ വിശ്വാസങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അതുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നു.

യുക്തിയോടെ ഒരു കാര്യം വിശ്വസിക്കുമ്പോള്‍ പിന്നെയൊരിക്കലും ഒരു കള്ളനും അപഹരിക്കാന്‍ കഴിയാത്തവിധം അത് ഹൃദയത്തില്‍ മുദ്രിതമാകുന്നു. ആ വിശ്വാസത്തിനുവേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്നു. അതെ യുക്തിയില്ലാത്ത വിശ്വാസത്തെക്കാള്‍ യുക്തിഭദ്രമാണ് യുക്തിയോടെയുള്ള വിശ്വാസം. ഏതൊന്നില്‍ അവിശ്വസിക്കുന്നുവോ ആ കര്‍മ്മം ആത്മാര്‍ത്ഥതയോടെയും നൂറുശതമാനം സത്യസന്ധതയോടെയും ആര്‍ക്കും നിര്‍വഹിക്കാനാവില്ല.

ഭാര്യയെ അവിശ്വസിക്കുന്ന ഭര്‍ത്താവിനെങ്ങനെ ദാമ്പത്യധര്‍മ്മം പൂര്‍ണ്ണതയില്‍ നിറവേറ്റാനാവും? ആഴപ്പെട്ട ഒരു വിശ്വാസാനുഭവത്തിലേക്ക് വളര്‍ച്ച പ്രാപിക്കാന്‍ കഴിയാത്തതുകൊണ്ടാണ് എണ്ണമറ്റ കണ്‍വന്‍ഷനുകള്‍ക്കും ധ്യാനശുശ്രൂഷകള്‍ക്കും ശേഷവും നമ്മില്‍ പലരും പൂര്‍വാവസ്ഥയില്‍ തുടരുന്നത്. വീണ്ടും വീണ്ടും അത്ഭുതങ്ങളുടെയും ആള്‍ക്കൂട്ടങ്ങളുടെയും പിന്നാലെ പായുന്നത്.ഒരാള്‍ക്ക് യുക്തിയുണ്ടായിരിക്കുക എന്നത് അക്ഷന്തവ്യമായ കുറ്റമാണെന്ന് ആരും ധരിക്കരുത്. കാരണം ഓരോരുത്തരുടെയും ബുദ്ധിയും ശക്തിയും സാധനയും ധ്യാനവും വ്യത്യസ്തമാണ്. മറ്റൊരാളെ മനസ്സിലാക്കലും ഉള്‍ക്കൊള്ളലും അതുപോലെ തന്നെ.

മുപ്പതുവര്‍ഷം എല്ലാ അര്‍ത്ഥത്തിലും ഇടപഴകി ജീവിച്ചിട്ടും ഇന്നും നമ്മില്‍ ചിലര്‍ക്ക് ഇണയെ മനസ്സിലാവാതെ പോകുമ്പോള്‍ മൂന്നുവര്‍ഷം രാപ്പകല്‍ ജീവിച്ചതുകൊണ്ട് ക്രിസ്തുവിനെ ശിഷ്യന്മാര്‍ മനസ്സിലാക്കിയില്ല എന്ന് കുറ്റപ്പെടുത്തുന്നത് ശരിയോ? അവരുടെ മാനുഷികതയെ അംഗീകരിക്കാത്ത വിലയിരുത്തലായി എനിക്കിപ്പോള്‍ അതു തോന്നുന്നു.അടയാളങ്ങളും അത്ഭുതങ്ങളും എല്ലാവരുടെയും സംശയങ്ങള്‍ അകറ്റുന്നില്ല. ചിലര്‍ക്ക് വിശ്വസിക്കാന്‍ അത് മാത്രം മതി.

എന്നാല്‍ വേറെ ചിലര്‍ക്ക് അതിനപ്പുറം ചിലതുകൂടി വേണം. ക്രിസ്തു ചെയ്ത അത്ഭുതങ്ങള്‍ മുഴുവന്‍ മറ്റുള്ളവര്‍ക്കുവേണ്ടിയായിരുന്നു. എന്നാല്‍ അവിടുന്ന് ആദ്യമായി തനിക്കുവേണ്ടി ചെയ്ത അത്ഭുതം ഉയിര്‍ത്തെണീല്പായിരുന്നു.ക്രിസ്തുവില്‍ തോമസ് വിശ്വാസിയായിരുന്നു. അവിടുന്ന് കര്‍ത്താവും ദൈവവുമാണെന്നും തോമസിനറിയാമായിരുന്നു. എന്നിട്ടും തോമസ് അവിശ്വാസിയായത് നമ്മളുള്‍പ്പെടുന്ന പില്ക്കാല തലമുറയ്ക്കു വേണ്ടിയായിരുന്നു. നമ്മെ വിശ്വാസത്തില്‍ ഉറപ്പിക്കാന്‍വേണ്ടി…പ്രിയപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ നിരപരാധി സ്വയം കുറ്റം ഏറ്റെടുക്കുന്നതുപോലെ, കോടതിമുറിയില്‍ ഒരാള്‍ അപരാധിയോ നിരപരാധിയോ ആകുന്നത് ഹാജരാക്കപ്പെട്ട എവിഡന്‍സുകളുടെ പേരിലാണല്ലോ… സംശയാതീതമായി തെളിയിക്കത്തക്ക ഒരു തെളിവ് നിര്‍ണ്ണായകമായി മാറുന്നു.

ഇപ്രകാരം സംശയാതീതമായി തെളിയിക്കത്തക്ക ഒരു അടയാളമാണ് തോമസ് ആവശ്യപ്പെട്ടത്. എന്നാല്‍ അവന്‍ പറഞ്ഞു, അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈവയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല (യോഹ: 20:25).

ക്രിസ്തുവിനെ വിശ്വസിക്കാന്‍ തോമസിന് അടയാളങ്ങള്‍ ആവശ്യമില്ല. പക്ഷേ ഉയിര്‍ത്തെണീറ്റ ക്രിസ്തുവിനെ പ്രഘോഷിക്കുമ്പോള്‍, ലോകം ക്രിസ്തുവിനെ വിശ്വസിക്കുവാനായി അവര്‍ക്കൊരു അടയാളം വേണം. ജനിക്കുകയും മരിക്കുകയും ചെയ്യുന്ന മനുഷ്യരില്‍നിന്ന് ക്രിസ്തുവിനെ വേറിട്ട് അടയാളപ്പെടുത്തുന്നത് ഉയിര്‍പ്പാണെന്നും അതാണ് ക്രിസ്തുവിനെ ദൈവമാക്കുന്നതെന്നും ലോകത്തോട് പറയാനുള്ള അടയാളം. എന്നിട്ടും തോമസിനെ നാം അവിശ്വാസിയാക്കി കുറ്റപ്പെടുത്തി… ഉയിര്‍ത്തെണീറ്റതോടെയാണ് ക്രിസ്തു എല്ലാവരുടെയും ഓഹരിയായി മാറിയതെന്ന് ബോബിയച്ചന്‍ പറഞ്ഞത് സ്മരണയിലുണ്ട്. അല്ലായിരുന്നുവെങ്കില്‍ ക്രിസ്തു ചരിത്രത്തിന്റെ ഒരു ഭാഗം മാത്രമായി മാറുമായിരുന്നു.ഉയിര്‍ത്തെണീറ്റ ക്രിസ്തുവിന്റെ അടയാളം – തിരുവിലാവിലെ മുറിവ് – ജീവനുള്ള വിശ്വാസത്തിന്റെ ചോര കിനിയുന്ന അത്ഭുതമായി തൊട്ടറിയുവാന്‍ സാധിച്ചത് തോമസിനു മാത്രമായിരുന്നു.

ആ അടയാളം തേടല്‍ ജീവനിലേക്കുള്ള കുതിപ്പായിരുന്നു. സുവിശേഷത്തിന്റെ ഉയിര്‍പ്പായിരുന്നു. ആ അടയാളം സ്പര്‍ശിക്കാന്‍ സാധിച്ചതിലൂടെയാണ് തോമസ് ഭാരതത്തിന്റെ അപ്പസ്‌തോലനായത്. ചോര കിനിയുന്ന ആ മുറിവാണ് തോമസിനെ രക്തസാക്ഷിയു മാക്കിയത്. അല്ലായിരുന്നുവെങ്കില്‍ ഒരു ചരിത്രവും രചിക്കാതെ പോയ കോടാനുകോടി തോമസുമാരില്‍ ഒരാളായി ആ തോമസും ഒടുങ്ങുമായിരുന്നു.പുലര്‍കാലത്തു കാണുന്ന സ്വപ്‌നം പോലെ മാഞ്ഞുപോകുന്ന ഒരോര്‍മ്മയല്ല തോമസ്.

ആകാശത്ത് പറന്നുപോകുന്ന പക്ഷി അടയാളങ്ങള്‍ അവശേഷിപ്പിക്കാത്തതുപോലെയുമായിരുന്നില്ല ആ ജീവിതം… ഓരോരുത്തരെയും വിശ്വാസത്തിന്റെ വഴിയിലൂടെ നടത്താന്‍ എന്താണ് വേണ്ടതെന്ന് ക്രിസ്തുവിനെപ്പോലെ മറ്റാര്‍ക്കറിയാം? പത്രോസിന് അത് അധികാരത്തിന്റെ താക്കോലായി മാറുമ്പോള്‍ യോഹന്നാന് അത് നെഞ്ചില്‍ മുഖം ചേര്‍ത്തണയ്ക്കാനുള്ള സ്‌നേഹത്തിന്റെ സ്വാതന്ത്ര്യം നല്കലായി മാറുന്നു. തോമസിനാവട്ടെ അത് മുറിവില്‍ വിരല്‍ ചേര്‍ക്കാനുള്ള ഉദാരതയായി മാറുന്നു.നമ്മുടെ ചില പാരമ്പര്യങ്ങള്‍ പറയുന്നതുപോലെ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണത്തിന് തോമസ് മാത്രം സാക്ഷിയായതും അദ്ദേഹം യുക്തിഭദ്രമായ വിശ്വാസത്തിന്റെ വക്താവായതിന്റെ പേരില്‍ ദൈവം അനുവദിച്ച ഒരാനുകൂല്യമായിരുന്നുവെന്നും ഞാന്‍ കരുതുന്നു.

തോമസ് ഒരിക്കലും സ്‌നേഹം പുറത്തുകാട്ടിയിരുന്നില്ല. സ്‌നേഹപ്രകടനങ്ങളുടെ പേരിലുള്ള പിടിവാശികളും അയാള്‍ക്ക് പഥ്യമായിരുന്നില്ല. അധികാരത്തിന്റെ ഇടംവലം ഭാഗങ്ങള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യാന്‍ അയാള്‍ക്കാരുമുണ്ടായിരുന്നില്ല. ഏറ്റവും സ്‌നേഹിക്കപ്പെടാനായി ഈശോയ്ക്ക് അരികില്‍ ഇടം ലഭിച്ചിരുന്നുമില്ല. എന്നിട്ടും തോമസിന് സ്‌നേഹമില്ലെന്നു പറയാന്‍ ആര്‍ക്കാണ് കഴിയുക? തോമസില്‍ വിശ്വാസമര്‍പ്പിക്കുന്നത് സ്‌നേഹത്തില്‍ മുഖം ചേര്‍ക്കുന്നതുപോലെയാണ്… ഹൃദയത്തില്‍ വിരല്‍ ചേര്‍ക്കുന്നതുപോലെയാണ്.

.അമ്പതോളം വീടുകള്‍ കയറിയിറങ്ങി ഭിക്ഷ യാചിച്ച് കിട്ടിയ പണവുമായി ചെറുപ്പകാലത്ത് അപ്പന്റെയും അമ്മയുടെയും കൈ പിടിച്ച് മലയാറ്റൂര്‍മല കയറിയത് ഓര്‍മ്മിക്കുന്നു… ഒന്നല്ല മൂന്നുതവണ. നിയോഗങ്ങളെ തോമസ് കണക്കിലെടുത്തു. തോമസ് അങ്ങ നെയാണ് ആദ്യമായി വിശ്വാസത്തിന്റെ ഉറപ്പായി ഹൃദയത്തില്‍ ചേക്കേറിയത്. ക്രിസ്തുവിന്റെ മുറിവിന്റെ ആഴമറിഞ്ഞ തോമാശ്ലീഹായ്ക്കറിയാം നമ്മുടെ ഓരോരുത്തരുടെയും ആത്മാവിലെ മുറിവുകളുടെ ആഴം.

അതുകൊണ്ട് ഏതു പ്രാര്‍ത്ഥനകള്‍ക്കും അവിടെ ഉത്തരം ലഭിക്കും. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന – ഏറ്റവും ചെറുതും ഏറ്റവും തീവ്രവും, എന്റെ കര്‍ത്താവേ, എന്റെ ദൈവമേ – നമ്മുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയായി മാറേണ്ടതാണ്.

വിനായക് നിര്‍മ്മല്