വധശിക്ഷയ്‌ക്കെതിരെ യുഎസ് മെത്രാന്മാര്‍

വാഷിംങ്ടണ്‍: ഈ മാസം മുതല്‍ വധശിക്ഷ പുനരാരംഭിക്കാനുള്ള ഗവണ്‍മെന്റ് തീരുമാനത്തിനെതിരെ വൈദികര്‍ക്കും സന്യസ്തര്‍ക്കുമൊപ്പം യുഎസിലെ നിരവധി മെത്രാന്മാരും പങ്കുചേരുന്നു. ലൂസ്വെല്ലി ആര്‍ച്ച് ബിഷപ് ജോസഫ് കുര്‍ട്‌സ്, ഓവെന്‍സ്‌ബോറോ ബിഷപ് വില്യം മെഡ്‌ലി, സാള്‍ട്ട് ലേക്ക് സിറ്റി ബിഷപ് ഓസ്‌ക്കാര്‍ സോളിസ്, ഡാവെന്‍പോര്‍ട്ട് ബിഷപ് തോമസ്, ഇല്ലിനോയിസ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് റിച്ചാര്‍ഡ് എന്നിവരാണ് ആയിരത്തോളം മതനേതാക്കള്‍ക്കൊപ്പം വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

വിവിധ മതവിശ്വാസികള്‍ക്കൊപ്പം വധശിക്ഷ നിര്‍ത്തലാക്കണമെന്ന് തങ്ങള്‍ പ്രസിഡന്റ് ട്രംപിനോടും അറ്റോര്‍ണി ജനറല്‍ ബാറിനോടും ആവശ്യപ്പെടുന്നതായി മെത്രാന്മാര്‍ പറഞ്ഞു. കത്തോലിക്കാ വൈദികര്‍, സന്യസ്തര്‍, ഡീക്കന്മാര്‍, അല്മായ നേതാക്കള്‍ എന്നിവരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്

സാമ്പത്തികപ്രതിസന്ധിയിലൂടെയും കോവിഡ് പ്രതിസന്ധിയിലൂടെയും രാജ്യം കടന്നുപോകുമ്പോള്‍ നാം ശ്രദ്ധ തിരിക്കേണ്ടത് ജീവന്‍ സംരക്ഷിക്കാനാണ് അല്ലാതെ ജീവന്‍ കവര്‍ന്നെടുക്കാനല്ല എന്ന് മതനേതാക്കളുടെ സംയുക്തപ്രസ്താവന പറയുന്നു.