വചന പ്രഘോഷണത്തിന് അള്‍ത്താര ഉപയോഗിക്കരുത്

വത്തിക്കാന്‍ സിറ്റി:വചന പ്രഘോഷണത്തിന് അള്‍ത്താര ഉപയോഗിക്കരുതെന്നും വചന പീഠം തന്നെ ഉപയോഗിക്കണമെന്നും വത്തിക്കാന്‍ നിര്‍ദ്ദേശം നല്കി. ജനുവരി 24 ന് തിരുവചന ഞായര്‍ ആചരിക്കുന്നതോട് അനുബന്ധിച്ച് നല്കിയ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വചനപ്രഘോഷണത്തിന് യഥാര്‍ത്ഥമായ ആന്തരികവും ബാഹ്യവുമായ ഒരുക്കങ്ങള്‍ അനിവാര്യമാണ്. വായിക്കുവാന്‍ അല്ലെങ്കില്‍ പ്രഘോഷിക്കാനുള്ള ഭാഗം മുന്‍കൂട്ടി വായിച്ച് പഠിച്ച് പരിചയപ്പെട്ട് ഒരുങ്ങണം. അജപാലകരും ഉത്തരവാദിത്തപ്പെട്ട സഭാധ്യക്ഷന്മാരും തിരുവചനം വിശ്വാസികള്‍ക്ക് ലഭ്യമാക്കാനും അത് വ്യാഖ്യാനിച്ച് നല്കുവാനുമുളള എല്ലാ അവസരങ്ങളും ശ്രദ്ധാപൂര്‍വം ഉപയോഗപ്പെടുത്തണം. വചന പാരായണത്തില്‍ സഭ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭാഗങ്ങള്‍ തന്നെ കൃത്യമായി വചനഗ്രന്ഥത്തില്‍ നിന്നും ഉപയോഗിക്കണം. തല്‍സ്ഥാനത്ത് മറ്റ് വായനകള്‍ സൗകര്യാര്‍ത്ഥം ഉപയോഗിക്കരുത്. വചനപാരായണവുമായി ബന്ധപ്പെട്ടുവരുന്ന സങ്കീര്‍ത്തനങ്ങള്‍ ശ്രദ്ധയോടെ ഉപയോഗിക്കുകയും സാധിക്കുമ്പോഴൊക്കെ അത് ആലപിക്കുകയും ചെയ്യണം.

ആരാധനക്രമത്തിലെ സാധാരണകാലത്തെ മൂന്നാവാരം ഞായറാണ് സഭ തിരുവചനഞായറായി ആചരിക്കുന്നത്.. 2019 സെപ്തംബര്‍ മാസത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തിരുവചന ഞായര്‍ പ്രഖ്യാപിച്ചത്.