ആരോഗ്യരംഗത്തെ ശുശ്രൂഷകര്‍ക്ക് വത്തിക്കാന്‍ മ്യൂസിയം സൗജന്യമായി സന്ദര്‍ശിക്കാം

വത്തിക്കാന്‍ സിറ്റി: കോവിഡ് കാലത്ത് നിസ്വാര്‍ത്ഥമായി സേവനം കാഴ്ച വച്ച ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മറ്റ് സഹായികള്‍ എന്നിവര്‍ക്ക് വത്തിക്കാന്‍ മ്യൂസിയം സൗജന്യമായി കാണാന്‍ അവസരം. ജൂണ്‍ എട്ടുമുതല്‍ 13 വരെയാണ് ഈ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.

ആരോഗ്യരംഗത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവും സ്‌നേഹവും അറിയിച്ചുകൊണ്ടാണ് സൗജന്യ സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെയാണ് മ്യൂസിയം സന്ദര്‍ശിക്കാനുള്ള സൗകര്യം. സന്ദര്‍ശകരുടെ എണ്ണം നിജപ്പെടുത്തുന്നതിനായി ഓണ്‍ലൈന്‍ ബുക്കിങുമുണ്ട്.

ജൂണ്‍ മൂന്നുമുതല്‍ ഇറ്റലി യൂറോപ്യന്‍ സന്ദര്‍ശകര്‍ക്കായി അതിര്‍ത്തികള്‍ തുറന്നുകൊടുത്തിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറ്റലിയാണ് ആദ്യമായി ലോക്ക് ഡൗണിന് ശേഷം ടൂറിസ്റ്റ് മേഖലയെ പ്രോത്സാഹിപ്പിക്കാനായി അതിര്‍ത്തികള്‍ തുറന്നുകൊടുത്തത്.

ഇറ്റലിയില്‍ അനുദിനം കോവിഡ് രോഗികളുടെ എണ്ണം പെരുകിവരുന്നതായാണ് വാര്‍ത്തകള്‍. ജൂണ്‍ ഒന്നിന് 178 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കില്‍ രണ്ടാം തീയതി ആയപ്പോഴേയ്ക്കും 318 ആയി. ലൊംബൈര്‍ദിയില്‍ അമ്പതു ശതമാനം വര്‍ദ്ധനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.