രാജമല: വിജയപുരം രൂപതയിലെ വൈദികരെ അഭിനന്ദിക്കാതിരിക്കാനാവില്ല

രാജമല: രാജമലയിലെ മണ്ണിനടിയില്‍ അമര്‍ന്നുപോയ ജീവിതങ്ങളെ പൂര്‍ണ്ണമായും ഇനിയും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. മഴയും പ്രതികൂലസാഹചര്യങ്ങളും കണക്കിലെടുക്കാതെ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിത്തിരിക്കുന്നവരെക്കുറിച്ച് നാം ഇതിനകം കേട്ടുകഴിഞ്ഞു.

അവരുടെ സന്മസും പരസ്‌നേഹവും അംഗീകരിക്കുകയും ആദരിക്കപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ അവര്‍ക്കൊപ്പം നിര്‍ബന്ധമായും പരാമര്‍ശിക്കേണ്ട ഒരു കൂട്ടരാണ് വിജയപുരം രൂപതയിലെ വൈദികര്‍, രൂപതയുടെ അതിര്‍ത്തിയില്‍പെട്ടതാണ് ദുരന്തം നടന്ന സ്ഥലം. മരണമടഞ്ഞവരില്‍ പലരും ഇടവകാംഗങ്ങളുമാണ്.

രാത്രിയും പകലുമായി ഓരോ മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയുമാണ്. അപ്പോഴെല്ലാം ശവസംസ്‌കാരച്ചടങ്ങുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമെല്ലാം സന്നദ്ധരായി വൈദികര്‍ കാത്തുനില്ക്കുന്നു. മൂന്നാര്‍ ഫൊറോന വികാരി ഫാ. വിന്‍സെന്റ് പാറമേല്‍, ഫാ. ഷിന്റോ വെളീപ്പറമ്പില്‍ എന്നിവരുള്‍പ്പടെ നിരവധി വൈദികരാണ് സേവനസന്നദ്ധരായി ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.

ഈ വൈദികരുടെ സന്മനസും ക്രിസ്തുസ്‌നേഹത്തിന്റെ സാക്ഷ്യവും പ്രശംസിക്കാതിരിക്കാനാവില്ല. ആടുകള്‍ക്കൊപ്പം നില്‌ക്കേണ്ടവരാണല്ലോ ഇടയന്മാര്‍. പ്രിയ വൈദികരേ നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ആടുകളുടെ ദു:ഖങ്ങളിലും സന്തോഷങ്ങളിലും വേദനകളിലും വിജയങ്ങളിലും നിങ്ങള്‍ ഇനിയും കൂടെയുണ്ടായിരിക്കുക.