വിന്‍സെന്‍ഷ്യന്‍ സഭയ്ക്ക് പുതിയ സുപ്പീരിയര്‍ ജനറല്‍

അരുണാച്ചല്‍പ്രദേശ്: വിന്‍സെന്‍ഷ്യന്‍ സഭയുടെ പുതിയ സുപ്പീരിയര്‍ ജനറലായി ഫാ. ജോണ്‍ കണ്ടത്തിന്‍കര തിരഞ്ഞെടുക്കപ്പെട്ടു. അരുണാച്ചല്‍പ്രദേശില്‍ മിഷനറി വൈദികനായി സേവനം ചെയ്യുകയാണ് ഇദ്ദേഹം. ഏപ്രില്‍ 14 ന് നടന്ന ജനറല്‍ ചാപ്റ്ററിലാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേലിന്റെ പിന്‍ഗാമിയായിട്ടാണ് ഫാ. ജോണ്‍ പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്. നിലവില്‍ മിയാവോ രൂപതയിലെ ഡി പോള്‍ മിഷന്‍ റെക്ടറായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം.

1904 ല്‍ ആണ് വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ കേരളത്തില്‍ ആരംഭിച്ചത്. 19 സംസ്ഥാനങ്ങളിലും ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിങ്ങനെ 15 രാജ്യങ്ങളിലും വിന്‍സെന്‍ഷ്യന്‍ സഭാംഗങ്ങള്‍ ശുശ്രൂഷ ചെയ്യുന്നു. 546 വൈദികരാണ് നിലവിലുള്ളത്. 1954 നവംബര്‍ 25 ന് ജനിച്ച ഫാ. ജോണ്‍ 1984 ല്‍ വൈദികനായി. 2017 ലാണ് ഇദ്ദേഹം അരുണാച്ചല്‍ പ്രദേശില്‍ എത്തിയത്.