ലോക യുവജനദിനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ലിസ്ബണ്‍: 2023 ല്‍ നടക്കുന്ന ലോകയുവജനദിനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മറിയം തിടുക്കത്തില്‍ പുറപ്പെട്ടു എന്ന വിശുദ്ധ ലൂക്കാ സുവിശേഷകന്റെ തിരുവചനഭാഗമാണ് ലോകയുവജനദിനത്തിന്റെ വിഷയം. ഇതിനെ ആസ്പദമാക്കിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. ലിസ്ബണിലെ കമ്മ്യൂണിക്കേഷന്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ബിയാട്രീസ് എന്ന 24 കാരി പെണ്‍കുട്ടിയാണ് ലോഗോ രൂപകല്പന ചെയ്തത്.

കുരിശിന്റെ പശ്ചാത്തലത്തിലുള്ള മാതാവിനെയാണ് ലോഗോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. 2019 ല്‍ ന്ന പനാമയില്‍ നടന്ന ലോകയുവജന ദിനത്തിലാണ് അടുത്ത സംഗമവേദിയായി പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തിരഞ്ഞെടുത്തത്.

യൂറോപ്പില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ യുവജനങ്ങള്‍ ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാജ്യമാണ് പോര്‍ച്ചുഗല്‍, ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഫാത്തിമായില്‍ നിന്ന് 75 മൈല്‍ അകലെയാണ് ലിസ്ബണ്‍. 2022 ല്‍ നടക്കേണ്ടിയിരുന്ന ലോകയുവജനസംഗമം കോവിഡ് മൂലമാണ് 2023 ലേക്ക് മാറ്റിയിരിക്കുന്നത്.

മൂന്നുവര്‍ഷം കൂടുമ്പോള്‍ നടക്കാറുള്ള ഈ യുവജനമാമാങ്കം 1985 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ആരംഭിച്ചത്. ജോണ്‍ പോളിന്റെ ഇലക്ഷന്‍ നടന്ന ഒക്ടോബര്‍ 16 ന് അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് ലോഗോയുടെ പ്രകാശനം ഇന്നലെ നടന്നത്.