റവ ഡോ. സേവ്യര്‍ കൂടപ്പുഴയുടെ പൗരോഹിത്യ വജ്രജൂബിലി നാളെ ആഘോഷിക്കുന്നു

സഭാചരിത്രകാരനും ദൈവശാസ്ത്രജ്ഞനും ആചാര്യനും എഴുത്തുകാരനും പൗരസ്ത്യ സുറിയാനി സഭയായ സീറോ മലബാര്‍ സഭയിലെ പ്രഥമ സന്യാസആശ്രമമായ നല്ലതണ്ണി മാര്‍ത്തോമ്മാ സ്ലീഹാ ദയറായിലെ സ്ഥാപക സുപ്പീരിയറും അംഗവുമായ റവ. ഡോ സേവ്യര്‍കൂടപ്പുഴയുടെ പൗരോഹിത്യ വജ്രജൂബിലി ആഘോഷങ്ങള്‍ നാളെ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ആഘോഷപരിപാടികളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിക്കും.

രാവിലെ 11.30 ന് ആരാധനക്രമ സഭാചരിത്രക്വിസ് നടക്കും. ഭാരതസഭാചരിത്രത്തിലും തിരുസഭാ വിജ്ഞാനത്തിലും അഗാധ പാണ്ഡിത്യമുളള റവ. ഡോ. സേവ്യര്‍ കൂടപ്പുഴ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

കോട്ടയം ജില്ലയിലെ ചേനപ്പാടിയില്‍ 1934 ഫെബ്രുവരി 28 നാണ് സേവ്യര്‍ കൂടപ്പുഴയുടെ ജനനം. 1960 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു. 35 വര്‍ഷത്തോളം വൈദികപരിശീലന രംഗത്തും ദൈവശാസ്ത്രഅധ്യാപനരംഗത്തും സേവനം ചെയ്തിട്ടുണ്ട്.